ആ​ഗോള അയ്യപ്പസം​ഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

തിരുവനന്തപുരം: ആ​ഗോള അയ്യപ്പസം​ഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മനസാക്ഷി അനുസരിച്ച് തീരുമാനമെടുക്കാം. പരിപാടിയുടെ ഉദ്ദേശ ശുദ്ധിയെ ആണ് ചോദ്യം ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു. അയ്യപ്പസം​ഗമത്തിൽ പങ്കെടുക്കരുതെന്ന് ആരും പറയില്ല. പക്ഷേ സംഘടിപ്പിക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെ ആണ് ചോദ്യം ചെയ്യുന്നത്. ധാർമികമായ അവകാശമുണ്ടോ എന്നുള്ളതാണ്. വാസ്തവത്തിൽ അയ്യപ്പസം​ഗമം നടത്താൻ ഒരു മതേതര സർക്കാരിന് എന്ത് അധികാരവും അവകാശവുമാണുള്ളത്? കേസുകളൊക്ക പിൻവലിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കുമ്മനം ‌രാജശേഖരൻ ചൂണ്ടിക്കാട്ടി. ആഗോള അയ്യപ്പ സംഗമത്തിനു ബദലായി ശബരിമല കർമ്മ സമിതി നടത്താൻ ഉദ്ദേശിക്കുന്ന വിശ്വാസ സംഗമത്തെ കുറിച്ച് ചർച്ച ചെയ്യാൻ പന്തളം കൊട്ടാരത്തിലെത്തിയതായിരുന്നു കുമ്മനം രാജശേഖരൻ. സെപ്റ്റംബർ 22നാണ് കേന്ദ്ര മന്ത്രിമാരെ അടക്കം പങ്കെടുപ്പിച്ച് വിശ്വാസസംഗമം നടത്താൻ ആലോചിക്കുന്നത്. എൻഎസ്എസ് അടക്കമുള്ള സംഘടനകളെയും വിശ്വാസി സംഗമത്തിലേക്ക് ക്ഷണിക്കും.

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകികയാണ്. എൻഎസ്എസ്, എസ്എൻഡിപി പ്രതിനിധികളെ ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിക്കും. വെള്ളിയാഴ്ച ദേവസ്വം ബോർഡ് പ്രസിഡന്റ് എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ക്ഷണിക്കും. അതേസമയം തന്നെ 22ന് നടക്കുന്ന ബദൽ സംഗമത്തിന്റെ നീക്കങ്ങൾ ശബരിമല കർമ്മസമിതി ശക്തമാക്കിയിട്ടുണ്ട്.