കാസര്‍കോട്: മൂന്ന് പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ സംസ്ഥാനത്തെ പിന്നോക്കം നില്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ നേരില്‍ കണ്ട് സ്ഥിതി വിലയിരുത്താന്‍ സമയം കിട്ടുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ബാങ്ക് ഉല്‍ഘടനത്തിനായി കാസര്‍കോട് വെള്ളരിക്കുണ്ടിലെത്തിയ ആരോഗ്യമന്ത്രിയോട് മലയോര മേഖലയിലെ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസം പകരുന്ന വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രി ദയനീയാവസ്ഥ മന്ത്രി നേരില്‍ കണ്ട് നടപടി കൈക്കൊള്ളാന്‍ നാട്ടുകാര്‍ നിവേദനത്തിലൂടെ അവശ്യപ്പെടുകയായിരുന്നു. നിവേദനം വായിച്ച മന്ത്രി ഇതിനുള്ള മറുപടിയായാണ് തന്റെ സമയക്കുറവ് വിവരിച്ചത്. സാമൂഹ്യ നീതിയുടെയും ഭക്ഷ്യസുരക്ഷയുടെയും അധിക ചുമതല ആരോഗ്യ മേഖലയുടെ വികസനത്തിന് വിലങ്ങ് തടിയാകുന്നുവെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച മന്ത്രി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വികസനം ഉടനുണ്ടാകുമെന്നും പ്രഖ്യാപിച്ചു. ട്രയിന്‍ വൈകിയതിനാല്‍ ഒന്നരമണിക്കൂര്‍ വൈകിയാണ് മന്ത്രി ബാങ്ക് ഉദ്ഘാടനത്തിനെത്തിയത്.
