മസ്കറ്റ്: ഒമാന്‍ ജനത രാജ്യത്തിന്റെ നാല്പത്തിയാറാമത് ദേശിയ ദിനം ആഘോഷിച്ചു. വിവിധ വിലായത്തുകളിലും ഗവര്‍ണറേറ്റുകളിലും നടന്ന ആഘോഷ പരിപാടികളില്‍ ജനങ്ങള്‍ ആവേശത്തോടെയാണ് പങ്കെടുത്തത്. ദേശീയ ദിനാഘോഷങ്ങള്‍ നവംബര്‍ മുപ്പത് വരെ നീണ്ടു നില്‍ക്കും .

ഒമാന്റെ വിവിധ പ്രവിശ്യകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ദേശീയാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.സ്കൂള്‍ വിദ്യാര്‍ത്ഥികളും , യുവാക്കളും മുതിര്‍ന്നവരും ഒരുക്കിയ കലാപ്രകടനങ്ങള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പകിട്ടേകി.

1970ല്‍ ഒമാന്റെ ഭരണം ഏറ്റെടുത്തെ, രാജ്യത്തെ എല്ലാ രീതിയിലും സുരക്ഷയും കെട്ടുറപ്പും ഉള്ളതാക്കി മാറ്റിയ തങ്ങളുടെ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഊദിന് ആഭിവാദ്യം അര്‍പ്പിച്ചായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്.

വികസന കാര്യങ്ങളില്‍ മുന്നില്‍ നിന്ന രാജ്യം ജനങ്ങളുടെ മുന്നേറ്റത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ജനപക്ഷ വികസനം സാധ്യമാക്കി. എണ്ണ മേഖലയില്‍ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ ജി സി സി രാജ്യങ്ങളില്‍ പലതും സാമ്പത്തിക പ്രതിസന്ധി നേരിട്ടെങ്കിലും ഒമാന്‍ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണ നടപടികള്‍ രാജ്യത്തെ ശക്തമായി പിടിച്ചുനിര്‍ത്തി.

സുല്‍ത്താന്‍ ഖാബൂസിനു കീഴില്‍ എല്ലാവിധ പിന്തുണയും നല്‍കി അടിയുറച്ച് നില്‍ക്കുന്ന ജനതയുടെ പിന്‍ബലം വികസനങ്ങള്‍ക്ക് ആക്കം കൂട്ടി.ദേശീയ ദിനത്തോടനുബന്ധിച്ച് 249 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി പൊതുമാപ്പ് നല്‍കി വിട്ടയച്ചു. ഇതില്‍ 96 പേര്‍ വിദേശികളാണ്.