മസ്കത്ത്: സ്‌പോണ്‍സര്‍മാരില്ലാതെ ഇന്ത്യ, ചൈന,റഷ്യ എന്നീ രാഷ്‌ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി സര്‍ക്കുലര്‍ പുറത്തിറക്കി. മസ്‌കത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കുമാണ് സര്‍ക്കുലര്‍ കൈമാറിയിരിക്കുന്നത്.ഒമാനിലെ വിനോദ സഞ്ചാര രംഗത്തെ വന്‍ മുന്നേറ്റത്തിന് പുതിയ വിസാ സംവിധാനം സഹായമാകും.

അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, യു.കെ എന്നി രാജ്യങ്ങളിലായോ, ഷെന്‍ഗെന്‍ രാഷ്‌ട്രങ്ങളിലായോ വിസ കൈവശം ഉള്ളവര്‍ക്കും, സ്ഥിരതാമസക്കാരുമായ ഇന്ത്യ, ചൈന, റഷ്യ എന്നി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റു വിസയില്‍ ഒമാനില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഇവരോടൊപ്പം യാത്ര ചെയ്യുന്ന കുടുംബാങ്ങള്‍ക്കും ഒമാനിലേക്കുള്ള പ്രവേശനവിസ അനുവദിക്കും .

ഒരു മാസം കാലാവധിയുള്ള ടൂറിസ്റ്റു വിസക്ക് ഇരുപതു ഒമാനി റിയല്‍ ആയിരിക്കും നിരക്ക് എന്നും ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി കൊമേഴ്ഷ്യല്‍ ഓപറേഷന്‍ ജനറല്‍ മാനേജര്‍ സമീര്‍ അഹ്മദ് അല്‍ നബ്ഹാനി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. മസ്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഈ വിഭാഗത്തില്‍ പെടുന്ന യാത്രക്കാരുടെ പക്കല്‍ കുറഞ്ഞത് ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും, മടങ്ങി പോകുവാനുള്ള വിമാന യാത്ര ടിക്കറ്റും ഹോട്ടല്‍ ബുക്കിങ്ങും ഉണ്ടായിരിക്കണം.

ഈ പുതിയ വിസാ സംവിധാനം ഒമാനിലെ വിനോദസഞ്ചാര രംഗത്ത് വന്‍ മുന്നേറ്റത്തിന് സഹായമാകും. രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു വരുന്നത്.