Asianet News MalayalamAsianet News Malayalam

കാസർകോട് കൊല്ലപ്പെട്ട പ്രവർത്തകരുടെ വീട്ടിൽ ഇന്ന് ഉമ്മൻചാണ്ടി എത്തും

ഉമ്മൻചാണ്ടിയുൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾ കാസർകോട് സന്ദർശിക്കാനിരിക്കെ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 

oommen chandy will visit slain congress workers home
Author
Kasaragod, First Published Feb 19, 2019, 6:29 AM IST

കാസർകോട്: പെരിയയിൽ വെട്ടിക്കൊല്ലപ്പെട്ട രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് സന്ദർശനം നടത്തും. ഉച്ചയ്ക്ക് ശേഷമാണ് ഉമ്മൻചാണ്ടി പെരിയ കല്യോട്ടെ കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീട്ടിലെത്തുക. കോൺഗ്രസ് നേതാവ് എം എം ഹസ്സനും ഉമ്മൻചാണ്ടിക്കൊപ്പമുണ്ടാകും.

അതേസമയം, ഇന്നലെ രാത്രി വിലാപയാത്രയ്ക്ക് ശേഷം കല്യോട്ടും പരിസരപ്രദേശങ്ങളിലും പരക്കെ അക്രമം നടന്നിരുന്നു. വിലാപയാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകൾ അടിച്ചുതകർത്തു. ഈ സാഹചര്യത്തിൽ കനത്ത പൊലീസ് കാവലാണ് സ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 

ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കാണും. രാവിലെ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങളെ കാണുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളമെമ്പാടും പ്രചാരണജാഥയുമായി സിപിഎമ്മും സിപിഐയും ഓടി നടക്കുന്ന ഈ സമയത്ത് തന്നെ നടന്ന രാഷ്ട്രീയകൊലപാതകങ്ങളിൽ കടുത്ത പ്രതിരോധത്തിലാണ് എൽഡിഎഫ്. 

ഇന്നലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കാസർകോട്ട് കൊല്ലപ്പെട്ട പ്രവർത്തകരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരച്ചടങ്ങുകൾ നടന്നത്. കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ സുധാകരനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. 

കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്.

മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു സംസ്കാരച്ചടങ്ങ്. ഇരുവരുടെയും കൂട്ടുകാരും ബന്ധുക്കളും മൃതദേഹങ്ങൾ ചിതയിലേക്കെടുത്തപ്പോൾ പൊട്ടിക്കരഞ്ഞു. ഏറെ പണിപ്പെട്ടാണ് പാർട്ടി നേതാക്കളും നാട്ടുകാരും ഇവരെ സമാധാനിപ്പിച്ചത്. 

ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവന്നപ്പോഴും ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങളിലേക്ക് വീണ് മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.

Follow Us:
Download App:
  • android
  • ios