ന്യൂഡല്‍ഹി: ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ പാകിസ്ഥാനിൽ സൈന്യത്തിന് നിർണ്ണായക സ്വാധീനമുണ്ടെന്ന് ഇന്ത്യയിലെ പാക് സ്ഥാനപതി അബ്ദുൾ ബാസിദ്. പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഭീകരാക്രണം നടക്കുന്നതെന്ന ഇന്ത്യയുടെ ആരോപണം നിലനിൽക്കേയാണ് അബ്ദുൾ ബാസിദിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യ അഫ്ഗാനിസ്ഥാൻ തുടങ്ങിയ അതിർത്തിരാഷ്ട്രങ്ങളുമായി ബന്ധപ്പട്ട സുരക്ഷവിഷയങ്ങളിൽ തീരുമാനമെടുക്കത്തിൽ പാകിസ്ഥാൻ സൈന്യത്തിന് നിർണ്ണായസ്വാധീനമുണ്ടെന്നാണ് ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണര്‍ അബ്ദുൾ ബാസിദിന്റെ വെളിപ്പെടുത്തൽ. പാക് സൈന്യത്തിന്റെ പിന്തുണയോടെയാണ് അതിർത്തിയിലെ ഭീകരപ്രവർത്തനമെന്നാണ് ഇന്ത്യയുടെ ആരോപണം.

സൈന്യവുമായി ചർച്ച ചെയ്ത ശേഷമായിരിക്കും പാകിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയെന്ന് നിശ്ചയിക്കുകയെന്നും അബ്ദുൾ ബാസിദ് പറഞ്ഞു. ഇന്ത്യയിലും ഇതേ രീതിയിലായിരിക്കുമെന്നും അദ്ദേഹം ഒരു ദേശീയദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള മിന്നലാക്രണം നടന്നിട്ടില്ലെന്നും സെപ്റ്റംബർ 29ന് സാധാരണ നടക്കാറുള്ള വെടി വയ്പ്പാണെന്നും ഇതിൽ രണ്ട് പാക് സൈനികർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കെതിരെ ആണവ ആക്രമണം നടത്താനുള്ള ചിന്ത തന്നെ ആത്മഹത്യാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക് സർക്കാരും സൈന്യവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളി. ഇതിനിടെ മിന്നലാക്രമണത്തിന്റെ തെളിവുകൾ പുറത്ത് വിടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.