കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും നാല്‍പതു ലക്ഷം രൂപ കവര്‍ന്ന് സ്കൂട്ടറില്‍ കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ലാലുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും നാല്‍പതു ലക്ഷം രൂപ കവര്‍ന്ന് സ്കൂട്ടറില്‍ കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ലാലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി കസ്റ്റഡിയിലായി ആറ് ദിവസമായിട്ടും നഷ്ടമായ പണം ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
അമ്പരപ്പിക്കുന്ന ആസൂത്രണം നടന്ന കേസിലെ മുഖ്യ പ്രതി പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ലാലിനെ മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ് പൊലീസിന് ലഭിച്ചത്. ഇസാഫ് ബാങ്കിന്റെ രാമനാട്ടുകര ശാഖയിലും ജീവനക്കാരില്‍ നിന്നും ബാഗ് തട്ടിപ്പറിച്ചോടിയ പന്തീരാങ്കാവ് അക്ഷയ ധനകാര്യ സ്ഥാപനത്തിന് സമീപത്തുമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പ്രതിയുടെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലും സ്കൂട്ടര്‍ ഉപേക്ഷിച്ച സ്ഥലത്തും എത്തിച്ചു.
പണം കവര്‍ന്ന ശേഷം പാലക്കാട്ടേക്കാണ് പ്രതി പോയത്. നാളെ അവിടേക്കും ഷിബിന്‍ലാലിനെ കൊണ്ടു പോകാന്‍ നീക്കമുണ്ട്. പ്രതി പിടിയിലായി ആറു ദിവസമായിട്ടും നഷ്ടപ്പെട്ട തുക ആര്‍ക്ക് കൈമാറി? എവിടെ ഒളിപ്പിച്ചു? എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. പാലക്കാട് തൃശ്ശൂര്‍ എന്നിവിടങ്ങളിലുള്ള നിരവധി പേരെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പിടിയിലായപ്പോള്‍ അമ്പത്തയ്യായിരം രൂപ മാത്രമാണ് ഷിബിന്‍ലാലില്‍ നിന്നും കണ്ടെടുക്കാനായത്.
ബാങ്ക് ജിവനക്കാരില്‍ നിന്നും തട്ടിയെടുത്തോടിയ ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ പരിശോധനകള്‍ നടത്തിയിട്ടും പണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പന്തീരാങ്കാവ് പള്ളിപ്പുറം എന്ന സ്ഥലത്തെ തോട്ടില്‍ ബാഗ് വലിച്ചെറിഞ്ഞു എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ ഇത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് നിഗമനം.
കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പതു ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പ്രതി പണം കവര്‍ന്നത്. ബാങ്ക് ജീവനക്കാരുടെ മൊഴികളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ തുടക്കം തന്നെ ഉയര്‍ന്നിരുന്നു.



