തിരുവനന്തപുരം: ബി ജെ പിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശേഷി ബി ജെ പിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ലോക്സഭയിലെ ബി ജെ പി ആവശ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഹര്‍ത്താല്‍ അക്രമികളെ അറസ്റ്റ് ചെയ്യും. അക്രമം നടത്തിയവരെ പിടികൂടരുതെന്ന് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാൽ മതിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാനം തകർക്കണമെന്നാണ് ബി ജെ പിയുടെ വാശി. 92% അക്രമവും നടത്തിയത് സംഘപരിവാറെന്നും സമാധാന അന്തരീക്ഷം തകർക്കാനുള്ള ആ നീക്കം പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റു സംസ്ഥാനങ്ങളില്‍ സംഘപരിവാറിന് ലഭിക്കുന്ന സംരക്ഷണം ഇവിടെ കിട്ടുമെന്ന് കരുതേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു. 'ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലില്‍ ഭൂരിഭാഗവും അക്രമം നടത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. അക്രമികൾക്കെതിരെ കർശനനടപടിയുണ്ടാകും' - മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സ്വകാര്യ സ്വത്ത് സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. 

Read More: സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് അനുമതി