കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ ശക്തമായ വാദങ്ങളുമായ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കും. നടിയെ അക്രമിച്ച കേസിലെ വിവാദങ്ങള്‍ക്കിടയില്‍ സുനില്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയതിലെ കള്ളത്തരങ്ങള്‍ പോലീസ് വ്യക്തത വരുത്തും.
നാദിര്‍ഷക്ക് ആദ്യ ഫോണ്‍ വിളി എത്തിയത് മാര്‍ച്ച് 28നാണ്. ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22 നും. ഡിജിപിക്ക് ലഭിച്ച വാട്‌സ് അപ്പ് സന്ദേശം പരാതിയായി കണക്കാക്കാനുമാകില്ല. ഈ സംഭവങ്ങള്‍ക്ക് മുമ്പേ തന്നെ ദിലീപും നാദിര്‍ഷയും നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭീഷണിയെന്ന് തോന്നില്ലെങ്കില്‍ പരാതി നല്‍കാന്‍ എന്തിന് 26 ദിവസത്തെ കാലതാമസമുണ്ടായെന്നാണ് പോലീസിന്റെ ചോദ്യം.
മാര്‍ച്ചില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നെന്നും പൊലീസ് കോടതിയെ അറിയിക്കും. അതിനും മുമ്പേ തന്നെ ചില മൊഴികള്‍ ദിലീപിനെതിരെ പ്രതികളില്‍ നിന്ന് കിട്ടിയിരുന്നെന്നും അറിയിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്ന മറുപടി സത്യവാങ്മൂലം പോലീസ് തയ്യാറാക്കുകയാണ്.
