കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ വിമർശനങ്ങളെ കുറിച്ച് അറിയില്ലെന്ന് ആലുവ റൂറൽ എസ്പി എ വി ജോർജ്. മാധ്യമങ്ങളിൽ കണ്ട അറിവേ ഉള്ളൂവെന്നും അന്വേഷണത്തിൽ വീഴ്ച ഇല്ലെന്നും എസ്‍പി വ്യക്തമാക്കി. അന്വേഷണം രണ്ട് ആഴ്ചക്കുള്ളിൽ പൂർത്തിയവുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയട്ടെ എന്നും കോടതി പറഞ്ഞു.

കേസില്‍ കഴിഞ്ഞദിവസം സംവിധായകന്‍ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റീസ് പി ഉബൈദിന്‍റെ പരാമർശങ്ങൾ. അന്വേഷണം സിനിമയുടെ തിരക്കഥപോലെയാണോ എന്ന് ചോദിച്ച കോടതി എന്നിത് തീരുമെന്നും സർക്കാരിനോട് ആരാഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം പൂ‍‍ർത്തിയാക്കുമെന്നായിരുന്നു ഡിജിപിയുടെ മറുപടി.

സുനിൽകുമാറിന്‍റ മൊഴിയുമായി ബന്ധപ്പെട്ട പുതിയ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിനെയും കോടതി വിമ‍ർശിച്ചിരുന്നു. കുറ്റപത്രം കൊടുത്ത കേസിൽ എങ്ങനെയാണ് ഒന്നാം പ്രതിയെ വീണ്ടും ചോദ്യംചെയ്യുന്നതെന്നും ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് അന്വേഷണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. വാർത്തകളും ചർച്ചകളും അതിരുവിട്ടാൽ ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു.

അതേസമയം കേസിൽ ദിലീപ് ജാമ്യാപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. നാദിർഷയുടെ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം വീണ്ടും ജാമ്യാപേക്ഷ നൽകിയാൽ മതിയെന്ന് അഭിഭാഷകർ . ഉച്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായേക്കും .