സ്ഥലങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് പ്രേരിപ്പിച്ച് പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ ചേര്‍ന്ന് യുവതിയെ കുറ്റിക്കാട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നുവെന്നും ഇവിടെ വച്ച് മയക്കുമരുന്ന് നല്‍കി, ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് പൊലീസ് 77 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. മയക്കുമരുന്ന് കൊടുത്ത് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം രണ്ടു പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
ഏപ്രില്‍ 20നാണ് കോവളത്തിന് സമീപത്ത് ആളൊഴിഞ്ഞ പ്രദേശത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആയുര്‍വേദ ചികിത്സക്കായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ കോവളത്തെത്തിയ ഇവരെ സ്ഥലങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് പ്രേരിപ്പിച്ച് പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഇവിടെ വച്ച് മയക്കുമരുന്ന് നല്‍കി, ഇവരെ ബലാത്സംഗം ചെയ്തു. മയക്കത്തിലായ യുവതി ഉണര്‍ന്നപ്പോള്‍ പ്രതികള്‍ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം പ്രതിരോധിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
വിദേശവനിതയെ കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പരാതോഷികം പ്രഖ്യാപിച്ചിട്ടും മൃതദേഹത്തിന്റെ കാര്യം പോലും പുറത്തുപറയാത്തത് പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍.
കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. ഇതിനിടെ പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചിരുന്നു,
