അശ്ലീല പ്രസ്താവന നടത്തിയ മന്ത്രി എം.എം മണി ഖേദം പ്രകടിപ്പിച്ചുവെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. എം.എം മണി നേരിട്ട് എത്തി മാപ്പുപറയാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പൊമ്പളൈ ഒരുമൈ നേതാവ് ഗോമതി ആവര്‍ത്തിച്ചു. ഇടുക്കി ജില്ലയില്‍ എന്‍.ഡി.എ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ജില്ലയില്‍ യു.ഡി.എഫ് കരിദിനവും ആചരിക്കുന്നുണ്ട്.
അതേസമയം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് നേരിട്ടെത്തി മാപ്പ് പറയില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഖേദപ്രകടനം നടത്തിയതോടെ ആ അധ്യായം അവസാനിച്ചുവെന്നും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അവിടെ സമരത്തിന് ഇരുത്തിയവര്‍ തന്നെ തിരിച്ചുകൊണ്ടു പോകട്ടെയെന്നും മണി പറഞ്ഞു. പാര്‍ട്ടി പറഞ്ഞാലേ മന്ത്രിസ്ഥാനം രാജിവെക്കൂ. പാര്‍ട്ടി ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നാലും ശൈലിമാറ്റില്ല. സംസാര ശൈലിയില്‍ പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ ആത്മപരിശോധന നടത്തുമെന്നും മണി പറഞ്ഞു.
