വനിതാ കോളേജില്‍ പ്രൊഫസറെ വിദ്യാര്‍ഥിനികള്‍ വളഞ്ഞിട്ട് തല്ലി

പട്യാല: വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ പ്രൊഫസറെ വളഞ്ഞിട്ട് തല്ലി. പെണ്‍കുട്ടികളുടെ ഫോണിലേക്ക് അശ്ലീല മെസേജുകളും വീഡിയോകളും അയച്ചതിനായിരുന്നു പ്രൊഫസറെ കുട്ടികള്‍ കയ്യേറ്റം ചെയ്തത്. പട്യാല ഗവണ്‍മെന്റ് വനിതാ കോളേജിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ പ്രൊഫസറെ തല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 

അധ്യാപകനെ രണ്ട് വിദ്യാര്‍ഥിനികള്‍ പിടിച്ച് കൊണ്ടുപോകുന്നതും തുടര്‍ന്ന് തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ഥിനികളില്‍ ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഈ വര്‍ഷാധ്യം സമാന സംഭവം ദില്ലിയിലെ ജെഎന്‍യു സര്‍വകലാശാല കാമ്പസിലും നടന്നിരുന്നു. വിദ്യാര്‍ഥിനികളെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇയാളെ പിന്നീട് ദില്ലി പെലീസ് അറസ്റ്റ് ചെയ്തിരുന്നു.