ചരക്ക് സേവന നികുതിയില്‍ ഇനിയും ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറായി. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്ന് നയരൂപീകരണ വിദഗ്ദന്‍ സാം പിട്രോഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏകാധിപത്യം അല്ല ഇന്ത്യയ്‌ക്ക് ആവശ്യം. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. മൂന്ന് ശതമാനം വോട്ട് കൂടുതല്‍ കിട്ടുന്നവരുടെ കൈയില്‍ നൂറ് ശതമാനം അധികാരം കേന്ദ്രീകരിക്കപ്പെടുന്നു- സാം പിട്രോഡ പറയുന്നു.

രാഹുല്‍ ഗാന്ധി ഗുജറാത്തിലെമ്പാടും നടത്തുന്ന നവസര്‍ജന്‍ യാത്രയുടെ നാലാം ഘട്ടമാണ് ഇന്ന് തുടങ്ങിയത്. രാവിലെ രാഹുല്‍ പട്ടേല്‍ സമുദായത്തിന്റ വലിയ പിന്തുണയുള്ള അക്ഷര്‍ദാം ക്ഷേത്രം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ജന്‍മനാടുള്‍പെട്ട ബിജെപിക്ക് സ്വാധീനമുള്ള വടക്കന്‍ ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. കോണ്‍ഗ്രസിന്റെ സമ്മര്‍ദം കാരണമാണ് ജിഎസ്‍ടിയില്‍ കേന്ദ്രം ഇളവ് നല്‍കിയതെന്ന് അവകാശപ്പെട്ട രാഹുല്‍ ഗാന്ധി ചരക്കുസേവന നികുതിയില്‍ ഇനിയും ഘടനാപരമായ മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തയ്യാറാക്കാന്‍ ചുമതലയേറ്റെടുത്ത പ്രമുഖ നയരൂപീകരണ വിദഗ്ദന്‍ സാം പിട്രോഡ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും മോദി ഏക അധികാരകേന്ദ്രമാവുകയാണെന്നും സാം പിട്രോഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ‍ു

അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയുടെ സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥി ചുരുക്കപ്പട്ടിക ഇന്ന് തയ്യാറാക്കും. ഈമാസം ഇരുപതിന് ശേഷമായിരിക്കും സംസ്ഥാനത്ത് മോദിയുടെ റാലികള്‍ തുടങ്ങുക.