ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ രണ്ടു ദിവസം കനത്ത മഴക്ക് സാധ്യത. 30ന് ഒമാനില്‍ കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നാവിക വ്യോമസേനകളുടെ സംയുക്ത ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ്. ദേശീയ ദുരന്തനിവാരണ മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകള്‍ അവഗണിക്കരുതെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഇന്ന് ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ മഴ ലഭിക്കുകയും ചെയ്തു. റാസല്‍ ഹദ്ദ്, മസീറ എന്നിവിടങ്ങളില്‍ പകലില്‍ ഇരുണ്ട അന്തരീക്ഷമായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറബിക്കടലിന് വടക്കുഭാഗത്തായിട്ടാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.

മണിക്കൂറില്‍ 37 മുതല്‍ 46 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റടിക്കുന്നത്. കാറ്റിന്റെ ശക്തി വര്‍ധിച്ച് ചുഴലികൊടുങ്കാറ്റാനായി മാറാനുള്ള സാധ്യതയും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.
നാളെയും മറ്റെന്നാളും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകള്‍ മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഊഹാപോഹങ്ങളില്‍ കുടുങ്ങരുതെന്നും ദേശീയ ദുരന്തനിവാരണ മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സമുദ്രോപരിതലം ചൂടുപിടിച്ചതിനെ തുടര്‍ന്ന് അറബിക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ അക്യുവെതറും സ്ഥിരീകരിച്ചു. 30ന് ഒമാനില്‍ കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നാവിക വ്യോമസേനകളുടെ സംയുക്ത ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രവും അറിയിപ്പ് നല്‍കിയിരുന്നു.

കാറ്റഗറി രണ്ടിലുള്ളതായിരിക്കും ഉഷ്ണ കൊടുങ്കാറ്റ്. മണിക്കൂറില്‍ 81 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റാണ് പ്രവചിക്കപ്പെടുന്നത്.