ഇത് ആറാം തവണയാണ് രാജ്യസഭയുടെ ചരിത്രത്തിൽ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 14 തവണ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്രസർക്കാരിനെ കഴിഞ്ഞ നാലു വർഷവും രാജ്യസഭയിൽ ചെറുത്ത പ്രതിപക്ഷത്തിന് ഇതാദ്യമായാണ് കാലിടറുന്നത്.
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ജെഡിയു എംപി ഹരിവൻഷിനെയാണ് എൻഡിഎ നിർദ്ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥി കോൺഗ്രസിന്‍റെ ബി.കെ. ഹരിപ്രസാദാണ്. ബിജു ജനതാദളിന്‍റെ പിന്തുണ ബിജെപി ഉറപ്പാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ബിജെഡി അദ്ധ്യക്ഷൻ നവീൻ പട്നായിക്കിനെ വിളിച്ചിരുന്നു. 244 അംഗ സഭയിൽ 123 പേരുടെ പിന്തുണ വിജയിക്കാൻ വേണം.
പി.ജെ കുര്യൻ വിരമിച്ചതോടെ ഒഴിവു വന്ന ഉപാധ്യക്ഷ സ്ഥാനത്തേക്ക് എൻഡിഎ അംഗത്തെ എത്തിക്കാനുള്ള ബിജെപി നീക്കം ഇതോടെ വിജയം കാണുകയാണ്. 244 പേർ ഇപ്പോഴുള്ള സഭയിൽ 113 പേരാണ് സർക്കാർ പക്ഷത്തുള്ളത്ത്. 116 പേർ പ്രതിപക്ഷത്തും. ഒമ്പത് പേരുള്ള ബിജു ജനതാദളിന്‍റെ പിന്തുണ ലഭിക്കുന്നതോടെ ഈ കുറവ് ബിജെപിക്ക് നികത്താനാകും. ആറ് പേരുള്ള തെലങ്കാന രാഷ്ട്ര സമിതിയും ഹരിവൻഷിനെ പിന്തുണയ്ക്കാമെന്ന് സൂചന നല്കിയതോടെയാണ് എൻഡിഎയുടെ വിജയം ഉറപ്പായത്.
എൻസിപിയും ഡിഎംകെയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബി കെ ഹരിപ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. കർണ്ണാടകത്തിൽ നിന്നുള്ള ഹരിപ്രസാദിന് തെലുങ്കുദേശം പിന്തുണ പ്രഖ്യാപിച്ചു. ഇത് ആറാം തവണയാണ് രാജ്യസഭയുടെ ചരിത്രത്തിൽ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 14 തവണ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്രസർക്കാരിനെ കഴിഞ്ഞ നാലു വർഷവും രാജ്യസഭയിൽ ചെറുത്ത പ്രതിപക്ഷത്തിന് ഇതാദ്യമായാണ് കാലിടറുന്നത്.
