ചെന്നൈ: ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷച്ചടങ്ങുകൾക്ക് എത്തിയ സൂപ്പർ താരങ്ങളായ കമൽഹാസനും രജനീകാന്തിനും ഇരിപ്പിടം രണ്ടിടത്ത്. വിരുദ്ധരാഷ്ട്രീയനിലപാടുകൾ സ്വീകരിയ്ക്കുന്ന രണ്ട് സൂപ്പർതാരങ്ങളെയാണ് ഡിഎംകെ ഒരു വേദിയിൽ അണിനിരത്തിയിരിക്കുന്നത്. എന്നാൽ ഇരിപ്പിടം ഒരു വേദിയിൽ അല്ലായിരുന്നു. കമലഹാസനെ വേദിയിലും രജനീകാന്തിനെ കാണികളോടൊപ്പം മുൻ നിരയിലുമാണ് ഇരുത്തിയത്.

അണ്ണാ ഡിഎംകെയ്ക്കെതിരെ ശക്തമായ രാഷ്ട്രീയവിമർശനമുന്നയിക്കുന്ന കമലിനെ ഡിഎംകെ പാളയത്തിലെത്തിയ്ക്കാൻ സ്റ്റാലിൻ ശ്രമിയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വാർഷികാഘോഷച്ചടങ്ങുകൾക്ക് കമൽഹാസന് വേദിയിൽ ഇരിപ്പിടം ഒരുക്കിയത്. വേദിയിൽ കമൽഹാസനൊടൊപ്പം എംകെ സ്റ്റാലിനും ഉണ്ടായിരുന്നു.

രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് എൻഡിഎയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്ന രജനീകാന്തിനെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചേക്കില്ലെന്ന‌ാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ രജനീകാന്തിന് മുൻ നിരയിൽ വിഐപി സീറ്റിൽ ഇരുത്തുകയായിരുന്നു. ചെന്നൈയിൽ കരുണാനിധി സ്ഥാപിച്ച കലൈവനാർ അരങ്കത്തിലാണ് ആഘോഷച്ചടങ്ങുകൾ നടന്നത്.