Asianet News MalayalamAsianet News Malayalam

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിനെതിരെ രാജു എബ്രഹാം എംഎല്‍എ

പന്പയില്‍ പൊടുന്നനെ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ആഗസ്റ്റ് 15-ന് രാത്രി താന്‍ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. അദ്ദേഹം ഇടപെട്ട് രണ്ട് ഡാമുകള്‍ അടപ്പിച്ചു.. അല്ലായിരുന്നുവെങ്കില്‍ 7000 പേര്‍ റാന്നിയില്‍ തന്നെ ഒലിച്ചു പോയേനെ...

raju abraham mla about flood
Author
Ranni, First Published Aug 22, 2018, 11:41 AM IST

പത്തനംതിട്ട: ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിനെതിരെ ഭരണമുന്നണിയില്‍ നിന്നും പരസ്യവിമര്‍ശനം ഉയരുന്നു. പ്രളയം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും നാശനഷ്ടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും 
മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാര്യമായ വീഴ്ച്ച സംഭവിച്ചുവെന്നും രാജു എബ്രഹാം എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

14--ാം തീയതി രാത്രി താന്‍ പന്പയുടെ തീരത്തുണ്ടായിരുന്നു. നദിയില്‍ ക്രമാതീതമായി വെള്ളമുയരുന്നത് കണ്ട താന്‍ റവന്യു ഉദ്യോഗസ്ഥരെ വിളിച്ച് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കൃത്യമായ മുന്നറയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുകയും വലിയ അളവില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാമായിരുന്നു. കടക്കാര്‍ക്ക് സാധനങ്ങള്‍ മാറ്റാനും, ജനങ്ങള്‍ക്ക് വീടൊഴിയാനും സമയം കിട്ടുമായിരുന്നു. പക്ഷേ മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ ഇതുണ്ടായില്ല. 

പന്പയില്‍ വെള്ളം പൊങ്ങുന്നത് കണ്ട് ആഗസ്റ്റ് 15-ന് രാത്രി തങ്ങള്‍ മുഖ്യമന്ത്രിയെ വിളിച്ചുവെന്നും അദ്ദേഹത്തിന്‍റെ നിര്‍ദേശാനുസരണം രണ്ട് ഡാമുകള്‍ താല്‍കാലികമായി അടച്ചതിനാല്‍ മാത്രമാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായതെന്നും രാജു പറയുന്നു. ഡാമുകള്‍ അടച്ചില്ലായിരുന്നുവെങ്കില്‍ റാന്നിയില്‍ തന്നെ ആറായിരം,ഏഴായിരം പേര്‍ ഒലിച്ചു പോകുമായിരുന്നു. അത്രയും വേഗതയിലും ശക്തിയിലുമാണ് നദി ഒഴുകി വന്നത്. 

ഒഡീഷയില്‍ ന്യൂനമര്‍ദ്ദമുണ്ടായപ്പോള്‍ തന്നെ ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടതായിരുന്നു. 1991-ലും സമാനമായ ഒരു സാഹചര്യം റാന്നിയിലുണ്ടായിരുന്നു. തോടുകളും നദികളും നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ മഴ ശക്തമായാല്‍ വളരെ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാക്കും. നേരത്തെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. ഈ പ്രാവശ്യം ഇടുക്കി ഡാം തുറക്കുന്നതില്‍ മാതൃകാപരമായ മുന്‍കരുതലുകള്‍ ഉണ്ടായി എന്നാല്‍ പന്പയില്‍ ശബരിഗിരി,ആനത്തോട്,കക്കി ഡാമുകളുടെ കാര്യത്തില്‍ അതുണ്ടായില്ല. ഗുരുതരമായ പാളിച്ചകളാണ് ഉണ്ടായതെന്ന് ഇതേക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും രാജു എബ്രഹാം പറയുന്നു. 

Follow Us:
Download App:
  • android
  • ios