അയോധ്യ: രാമനും ലക്ഷ്മണനും പരിവാരങ്ങളും ഹെലികോപ്ടറില്‍ പറന്നിറങ്ങി. മറ്റൊരു ഹെലികോപ്ടര്‍ പുഷ്പവര്‍ഷം നടത്തി-അയോധ്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകളാണിത്. രാമ-ലക്ഷ്മണ വേഷം ധരിച്ച കലാകാരന്‍മാര്‍ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാനെത്തിയത് സാക്ഷാല്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന ടൂറിസം മന്ത്രിയും നേരിട്ടായിരുന്നു. 

വര്‍ണാഭമായ ആഘോഷങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് ഇത്തവണത്തെ ദീപാലിയുടെ ശ്രദ്ധാകേന്ദ്രം അയോധ്യയായിരുന്നു. ശ്രീരാമന്റെ ജന്മദേശമായി അറിയപ്പെടുന്ന അയോധ്യയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യു.പി. സര്‍ക്കാറിന്റെ ദീപാവലി ആഘോഷ പരിപാടികള്‍. 1.75 ലക്ഷം ദീപങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി തെളിയിക്കുന്നത്.

ഹെലികോപ്ടറില്‍ എത്തിയ കലാകാരന്‍മാരെ യോഗി മാലയിട്ട് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പരിപാടികളില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമടക്കമുള്ളവരാണ് പങ്കെടുക്കുന്നത്.