ദില്ലി: ബി.ജെ.പി മുന്‍ വക്താവും ബീഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. ഇന്ന് ദില്ലിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് രാംനാഥ് കോവിന്ദിന്റെ പേര് പ്രഖ്യാപിച്ചത്.
നേരത്തെ പറഞ്ഞുകേട്ട പേരുകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായി അപ്രതീക്ഷിതമായാണ് രാംനാഥ് കോവിന്ദിന്റെ പേര് ബി.ജെ.പി നിശ്ചയിച്ചത്. പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നുവെന്ന് പറഞ്ഞ അമിത് ഷാ, എന്നാല്‍ കോവിന്ദിന്റെ പേര് ആരാണ് നിര്‍ദ്ദേശിച്ചതെന്നോ എന്ത് തരത്തിലുള്ള ചര്‍ച്ചകളാണ് നടന്നതെന്നോ വ്യക്തമാക്കാന്‍ തയ്യാറായില്ല. അഭിഭാഷകനായ രാംനാഥ് കോവിന്ദ് ദലിത് വിഭാഗത്തില്‍ പെട്ടയാളാണെന്ന ആനുകൂല്യം മുതലാക്കുകയും പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ പരമാവധി ഇല്ലാതാക്കുകയുമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.
അഭിഭാഷകനായ രാംനാഥ് കോവിന്ദ് രണ്ട് തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദലിത് മോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ബീഹാറിലെ ഗവര്‍ണ്ണറാണ്. സംഘപരിവാര്‍ ബന്ധമുള്ളയാളെ തന്നെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിക്കുന്നത് വഴി ആര്‍.എസ്.എസിന്റെ പിന്തുണയും ബി.ജെ.പിക്ക് ഉറപ്പിക്കാനാവും.
