ബംഗളുരു: പാക് അനുകൂല പരാമര്‍ശം വിവാദമായതിനു പിന്നാലെ നടിയും മുന്‍ എംപിയുമായ രമ്യക്കു നേര്‍ക്ക് മുട്ടയേറ്. മംഗലാപുരം വിമാനത്താവളത്തിലാണ് മുട്ടയേറുണ്ടായത്. വിമാനത്താവളത്തിനു പുറത്തേക്കു വന്ന് കാറില്‍ കയറവെ ഇവരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് പ്രതിഷേധക്കാര്‍ മുട്ട എറിയുകയായിരുന്നു. വിഎച്ച്പി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് മുട്ടയേറിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞദിവസം, പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനു പിന്നാലെ രമ്യ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതുപോലെ പാകിസ്ഥാന്‍ നരകമൊന്നുമല്ലെന്നും അവിടെയുള്ളവരും നമ്മളെ പോലുള്ള മനുഷ്യരാണെന്നുമാണ് രമ്യ പറഞ്ഞത്. പാക്കിസ്ഥാനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്ന പരീക്കറുടെ അഭിപ്രായത്തോടായിരുന്നു രമ്യയുടെ ഈ പ്രതികരണം. 

സാര്‍ക്ക് രാജ്യങ്ങളിലെ യുവ എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു കര്‍ണാടകത്തിലെ മാണ്ഡ്യയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ ദിവ്യസ്പന്ദന എന്ന രമ്യ പാക്കിസ്ഥാനിലെത്തിയത്.

പരാമര്‍ശത്തിന്‍റെ പേരില്‍ രമ്യയ്‌ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് വിറ്റല്‍ ഗൗഡ എന്ന അഭിഭാഷകന്‍ കുടക് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ ഖേദിക്കുന്നില്ലെന്നും മാപ്പു പറയാനില്ലെന്നും രമ്യ വ്യക്തമാക്കി.