കൊച്ചി: നടിയെ ആക്രമിക്കാന്‍ സുനിലിന് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ട്. നടിയെ ആക്രമിക്കാന്‍ ദിലീപ് സുനിലിന് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി രൂപയാണെന്ന് പോലീസ് പറയുന്നു. നടിയെ ആക്രമിക്കുന്നതിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നല്‍കണമെന്ന് ദിലീപ് സുനിലിനോട് ആവശ്യപ്പെട്ടു. 2013ല്‍ ആണ് ക്വട്ടേഷന്‍ നല്‍കിയത്. ദിലീപിന്റെ വിവാഹ മോചനം, മഞ്ജു വാര്യറുമായുള്ള അകല്‍ച്ച തുടങ്ങിയ കുടുംബ കാര്യങ്ങളില്‍ അക്രമിക്കപ്പെട്ട നടി ഇടപെട്ടതോടെ വൈരാഗ്യം ഉണ്ടായെന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞത്.

കാവ്യമാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നടി മഞ്ജുവിനോട് പറഞ്ഞു. തന്റെ കുടുംബ ബന്ധത്തില്‍ ഇടപെടരുതെന്ന് നടിയോട് പറഞ്ഞിരുന്നു. അതിനു ശേഷവും താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഞ്ജുവിനോട് പറഞ്ഞു എന്നതാണ് അക്രമിക്കുന്നതിന് കാരണം. ഇതോടെ നടിയെ ആക്രമിക്കാന്‍ സുനിലിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

ഹോട്ടല്‍ അബാദ് പ്ലാസയിലെ പാര്‍ക്കിംഗില്‍ ദിലീപിന്റെ ബിഎംഡബ്ലൂ കാറിലിരുന്നാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. അഡ്വാന്‍സ് ആയി 10,000 രൂപ സുനിലിന് ദിലീപ് നല്‍കി. ഇത് സൂചിപ്പിക്കുന്നതിനായി സുനില്‍ ജയിലില്‍ നിന്ന് അയച്ച കത്തില്‍ ബിഎം ഡബ്ലൂ കാറിന്റെ നമ്പറായ 5445ന് സമാനമായ നമ്പര്‍ എഴുതിയത്.

നടിയുമായി വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി നടിയുടെ ചിരിക്കുന്ന മുഖവും പ്രതിശ്രുത വരന്‍ വിവാഹനിശ്ചയത്തിന് മുമ്പ് നല്‍കിയ മോതിരം കാണണമെന്നും ദിലീപ് സുനിലിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. ഇവരുടെ വിവാഹം തകര്‍ക്കുക എന്നത് അക്രമിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം എന്ന് സംശയിക്കുന്നു.