Asianet News MalayalamAsianet News Malayalam

കൊട്ടിയൂര്‍ ബലാത്സംഗക്കേസ്; ഫാദര്‍ റോബിൻ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ

കൊട്ടിയൂര്‍ ബലാത്സംഗ കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. 20 വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം.കേസിൽ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടി നിര്‍ദ്ദേശമുണ്ട്

Robin Vadakkumchery is convicted in pocso case and punished for 20 years of jail
Author
Kannur, First Published Feb 16, 2019, 1:14 PM IST

കണ്ണൂര്‍: കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. 20 വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. തലശേരി പോക്സോ കോടതി ജഡ്ജി പി.എൻ വിനോദാണ് വിധി പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി പറഞ്ഞു. കേസിൽ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടി നിര്‍ദ്ദേശമുണ്ട്.

പീഡനത്തിനിരയായ കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗൽ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്. വൈദികരും കന്യാസ്ത്രീകളും അടക്കം ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു

പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീംകോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു.

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.

കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്സോ കേസിൽ നിർണായകമായി.

കേസിൽ നിന്നൊഴിവാക്കാൻ ഇവർ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റർ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.

പോക്സോ കേസിലെ കൂറുമാറ്റം കൊണ്ട് ശ്രദ്ധ ആകർഷിച്ച കേസ് ഇതിനാൽ തന്നെ വിധി പ്രഖ്യാപനവും നിയമ വൃത്തങ്ങളും പൊതുസമൂഹവും ഉറ്റുനോക്കുന്ന ഒന്നാണ്. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് ഒരു വർഷമെത്തും മുൻപ് തലശ്ശേരി പോക്സോ കോടതി വിധി പ്രഖ്യാപിച്ചത്.

വിശദമായ വാർത്ത ചുവടെ:

Follow Us:
Download App:
  • android
  • ios