വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ വിചിത്ര നിലപാടുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സ്‌കൂളുകളില്‍ ഹാജര്‍ വിളിയ്ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ജയ് ഹിന്ദ് എന്ന് പറയണമെന്നാണ് പുതിയ ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ വിദ്യാര്‍ത്ഥികളെ അറിയിച്ചു. 

ഞായറാഴ്ച മധ്യപ്രദേശിലെയും ചത്തീസ്ഖണ്ഡിലെയും എന്‍സിസി കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഭോപ്പാലിലെ ശൗര്യ സ്മാരകത്തില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും സ്വകാര്യ സ്‌കൂളുകളിലേക്കും ഉത്തരവ് ഉടന്‍ സര്‍കുലറായി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഹാജര്‍ വിളിയ്ക്കുമ്പോള്‍ എസ് സര്‍, എസ് മാഡം എന്നിവ പറയുന്നത് വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തില്ലെന്നും ജയ്ഹിന്ദ് എന്ന് പറയുന്നത് വിദ്യാര്‍ത്ഥികളെ രാജ്യസ്‌നേഹമുള്ളവരാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. 

സംസ്ഥാനത്തെ സത്‌ന ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഹാജര്‍ വിളിയ്ക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന് മന്ത്രി നേരത്തേ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയത്.