ശബരിമല സന്നിധാനത്ത് നടന്ന പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവിന് സസ്പെൻഷൻ. മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്ന ആർ.രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്.

കൊച്ചി: ശബരിമല സന്നിധാനത്ത് നിരോധാനാജ്ഞ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവിന് സസ്പെൻഷൻ. ആരോഗ്യവകുപ്പാണ് രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്നു ആര്‍. രാജേഷ്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാജേഷ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വലിയ നടപ്പന്തലില്‍ ഉണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ സന്നിധാനത്ത് തടഞ്ഞ സംഭവത്തിലും രാജേഷ് നേതൃത്വം നല്‍കിയിരുന്നു.

Also Read:അറസ്റ്റിലായവരില്‍ മുന്‍പ് സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയ ആര്‍എസ്എസ് നേതാവും സംഘവുമെന്ന് പൊലീസ്

(ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് 52കാരിയെ തടഞ്ഞപ്പോഴുള്ള ചിത്രങ്ങള്‍)

ശബരിമലയിൽ നിന്നും അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. 

Also Read: ശബരിമലയിലെ കൂട്ട അറസ്റ്റ്: 69 പേരെ റിമാന്‍ഡ് ചെയ്തു