എസ്ഐ ദീപക്കിന് ഉപാധികളോടെ ജാമ്യം
കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകത്തില്‍ എസ് ഐ ദീപക്കിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, എറണാകുളം വിചാരണ കോടതിയുടെ പരിധിയിൽ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ശ്രീജിത്തിന്റെ മരണത്തിൽ തനിക്കു പങ്കില്ലെന്ന് എസ് ഐ ദീപക് ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. വരാപ്പുഴയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോൾ പാതിരാത്രി സ്റ്റേഷൻ ഡ്യൂട്ടിയിൽ വരിക മാത്രമാണ് ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് താൻ അല്ലെന്നു എസ് ഐ ദീപക് പറഞ്ഞു.
സ്റ്റേഷനിൽ വച്ചല്ല ശ്രീജിത്തിന് മർദ്ദനമേറ്റത്. യാത്രക്കിടയിൽ ആണെന്നും അതിനാൽ അതിൽ തനിക്കു പങ്കില്ലെന്നും ദീപക് പറഞ്ഞു. ശ്രീജിത്തിന്റെ അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ചില പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് തന്‍റെ പേര് വന്നത്. പ്രതി കസ്റ്റഡിയിൽ മരിച്ചാൽ നഷ്ടപരിഹാരം കിട്ടും. അതിനായി ചിലർ ഒത്തു കളിച്ചെന്നും എസ് ഐ ദീപക് ഹൈക്കോടതിയിൽ പറഞ്ഞു.
