റിയാദ്: സൗദിയില്‍ പൊതുമാപ്പിന് ശേഷവും നിയമലംഘകരായ മുപ്പത്തിയേഴായിരത്തോളം പേർ പിടിയിലായി. പൊതുമാപ്പ് അവസാനിച്ചതിന് ശേഷം നിയമലംഘകര്‍ക്കായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ പതിനായിരക്കണക്കിനു വിദേശികള്‍ പിടിയിലായി. താമസ, തൊഴില്‍ നിയമ ലംഘകരും നുഴഞ്ഞു കയറ്റക്കാരുമാണ് പിടിയിലായവരില്‍ കൂടുതലുമെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു.
കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 36,656 നിയമലംഘകര്‍ പിടിയിലായി. ഇതില്‍ 22,085 പേര്‍ ഇഖാമ നിയമലംഘകരും 6.874 പേര്‍ നുഴഞ്ഞു കയറ്റക്കാരും 7697 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നതിനിടെ 574 പേര്‍ പിടിയിലായി. ഇതില്‍ 77 ശതമാനം യമനികളും 21 ശതമാനം എത്യോപ്യക്കാരുമാണ്. പിടിയിലായ 9349 വിദേശികള്‍ നിയമനടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതില്‍ 978 സ്ത്രീകളാണ്.
നിയമലംഘകര്‍ക്ക് താമസം യാത്ര തുടങ്ങിയ സഹായങ്ങള്‍ നല്‍കിയ ഇരുപത്തിയേഴ് സ്വദേശികളും അഞ്ച് ദിവസത്തിനിടയില്‍ പിടിയിലായി. പിടിയിലായ നിയമലംഘകരില്‍ 4457 പേരെ നാടുകടത്തി. യാത്രാ രേഖകള്‍ ശരിയാക്കാന്‍ 2750 പേരുടെ കേസുകള്‍ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയതായും സുരക്ഷാ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ പരിശോധന തുടരുകയാണ്.
