ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുക, മെഡിക്കല്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യ രംഗത്ത് തൊഴില്‍ പരിശീലനം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പുതിയ പദ്ധതി ആവിഷ്കരിക്കാനാണ് നീക്കം. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പദ്ധതി തയ്യാറാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലുള്ള ആശുപത്രികളിലും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലുമായി രണ്ട് ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതത്രയും സൗദിവത്കരിക്കാനാണ് നീക്കം. പൊതു മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സപ്പോര്‍ട്ട് ജോലികള്‍ ഒഴിഞ്ഞു കിടക്കുന്നു. സൗദി വനിതകള്‍ക്ക് വലിയ സാധ്യതകള്‍ ഈ മേഖലയിലുള്ളതായി മന്ത്രാലയം കണ്ടെത്തി. കൂടാതെ പല ആശുപത്രികളിലും ഡോക്ടര്‍മാരെ ആവശ്യമാണ്.
പുതിയ പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്‌ടപ്പെടും. അതേസമയം സര്‍ക്കാര്‍ സര്‍വീസിലുള്ള കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനു സാധിക്കാത്തതിന്റെ പേരില്‍ എഴുപത്തിരണ്ട് ശതമാനം ആരോഗ്യ കേന്ദ്രങ്ങളും അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്നു. കണ്‍സള്‍ട്ടനടുമാരെ കിട്ടാനില്ലാത്തതും ഉയര്‍ന്ന ശമ്പളവുമാണ് ഇതിനു പ്രധാന കാരണം. സര്‍ക്കാര്‍ സര്‍വീസിലെ കണ്‍സള്‍ട്ടന്റുമാര്‍ക്ക് സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി ജോലി ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും എന്നാണു പ്രതീക്ഷ.
