റിയാദ്: സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കുമുള്ള അധിക നികുതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പല ഉല്‍പ്പന്നങ്ങളുടെയും വില അമ്പത് മുതല്‍ നൂറു ശതമാനം വരെ വര്‍ധിക്കും. അതേസമയം ചില ഉല്‍പ്പനങ്ങള്‍ നിശ്ചിത അളവ് വരെ നികുതി ഇല്ലാതെ തന്നെ യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് കൊണ്ട് വരാം.
പുകയില ഉല്‍പ്പന്നങ്ങള്‍, എനര്‍ജി ഡ്രിങ്ക്സ് തുടങ്ങി ആരോഗ്യത്തിനു ഹാനികരമായ ഉല്‍പ്പന്നങ്ങളുടെയും ശീതലപ്പാനീയങ്ങളുടെയും ഇറക്കുമതിക്കാണ് ഞായറാഴ്ച മുതല്‍ പ്രത്യേക നികുതി ഈടാക്കുന്നത്. കഴിഞ്ഞ മാസം ജി.സി.സി രാജ്യങ്ങള്‍ക്കിടയിലുണ്ടായ ധാരണ പ്രകാരമാണ് ഈ അധിക നികുതി. കഴിഞ്ഞ മാസം ഇരുപത്തിമൂന്നിന് ഭരണാധികാരി സല്‍മാന്‍ രാജാവ് നികുതി ഈടാക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്ക്സിനും നൂറു ശതമാനവും ശീതളപ്പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും വില വര്‍ധിക്കും.
ചില്ലറ വില്‍പ്പന വിലയ്ക്കനുസരിച്ചാണ് നികുതി കണക്കാക്കുക. അറുപത് ലക്ഷത്തോളം പുകവലിക്കാരുള്ള രാജ്യത്ത് പുതിയ നികുതി ദശലക്ഷക്കണക്കിനു പേരെ ബാധിക്കും. നിലവില്‍ ഒന്നര റിയാലിന് ലഭിക്കുന്ന പാനീയങ്ങള്‍ക്ക് ഇനി മുതല്‍ രണ്ടെക്കാല്‍ റിയാല്‍ നല്‍കേണ്ടി വരും. അതേസമയം ചില ബ്രാന്‍ഡുകള്‍ വിലയില്‍ കാര്യമായ മാറ്റം വരുത്താതെ ഉല്‍പ്പന്നത്തിന്റെ അളവില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
നികുതി അടയ്ക്കാതിരിക്കാന്‍ വിലയില്‍ കൃത്രിമം കാണിച്ചാല്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒരു പരിധിവരെ നികുതി ഇല്ലാതെ സൗദിയിലേക്ക് കൊണ്ടുവരാന്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കി. ഇരുനൂറ് സിഗരറ്റുകള്‍, അഞ്ഞൂറ് ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, ഇരുപത് ലിറ്റര്‍ ശീതള പാനീയങ്ങള്‍, പത്ത് ലിറ്റര്‍ എനര്‍ജി ഡ്രിങ്ക്സ് എന്നിവ ഇങ്ങനെ കൊണ്ട് വരാം.
8.4 ബില്യണ്‍ ഡോളറിന്റെ ശീതളപ്പാനീയങ്ങള്‍ ആണ് ജി.സി.സി രാജ്യങ്ങളില്‍ വിറ്റഴിക്കുന്നത്. ഇതില്‍ അറുപത്തിയെട്ടു ശതമാനവും സൗദിയില്‍ ആണ്. പുതിയ നികുതി വഴി ഏഴു മുതല്‍ പന്ത്രണ്ട് ബില്യണ്‍ വരെ റിയാലിന്റെ അധിക വരുമാനം സര്‍ക്കാറിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
