ദില്ലി: സുപ്രീംകോടതിയിൽ ജഡ്ജിമാർക്കിടയിലെ തർക്കം പരിഹരിക്കാനുള്ള ശ്രമത്തിന് ചീഫ് ജസ്റ്റിസിൻറെ കടുത്ത നിലപാട് തടസ്സമാകുന്നു. വാർത്താസമ്മേളനം വിളിച്ച് പ്രശ്നം തീർക്കാനുള്ള നിലപാട് പ്രഖ്യാപിക്കണമെന്ന നാല് ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കില്ലെന്നാണ് സൂചന. ഇതിനിടെ കോടതിയിലെ വാർത്തകൾ ചോരുന്നതിൽ കടുത്ത അതൃപ്തി ചില ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.

വേദനയോടെ മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നു എന്ന് നാല് മുതിർന്ന ജഡ്ജിമാർ വ്യക്തമാക്കിയിട്ട് ഒരാഴ്ച പിന്നിട്ടു. തർക്കം തീർക്കാൻ ഇന്നലെ ജഡ്ജിമാർ നടത്തിയ ചർച്ചയ്ക്ക് കാര്യമായ ഫലമുണ്ടായില്ല എന്ന സൂചനയാണ് ഇന്നു പുറത്തു വരുന്നത്. കേസുകൾ കൈമാറുന്ന രീതിയിൽ മാറ്റം വരുത്താനുള്ള നിർദ്ദേശം പരിശോധിക്കാം എന്ന് ചീഫ് ജസ്റ്റിസ് നാലു ജഡ്ജിമാരെയും അറിയിച്ചു. ഉന്നയിച്ച വിഷയങ്ങളിൽ അനുകൂല സമീപനം വാർത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസ് പ്രകടിപ്പിക്കണം എന്ന ജഡ്ജിമാരുടെ ആവശ്യം അതേസമയം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. 

ചർച്ചകൾ തുടരാൻ തീരുമാനിച്ചെങ്കിലും എതിപ്പുന്നയിച്ച ജഡ്ജിമാർ സന്തുഷ്ടരല്ല. ഇതിനിടെ സുപ്രീംകോടതിയിലെ വാർത്തകൾ ചോരുന്നതിൽ നിരവധി ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ കടുത്ത അതൃപ്തി അറിയിച്ചു. ജഡ്ജിമാർ മാത്രം പങ്കെടുക്കുന്ന ചർച്ചകളുടെയും സത്ക്കാരങ്ങളുടെ പോലും വിവരങ്ങൾ മാധ്യമങ്ങളിൽ വരുന്നതിലാണ് ഇവരുടെ അതൃപ്തി. എന്നാൽ തർക്കം മാധ്യമങ്ങളിൽ എത്തിയ സാഹചര്യത്തിൽ ഇതു തടയാൻ കഴിയിലില്ല എന്നാണ് ചീഫ് ജസ്റ്റിസിൻറെയും നിലപാട്. കോടതിയിലെ പ്രതിസന്ധിക്ക് അയവുവന്നില്ല എന്നു തന്നെ ഇപ്പോൾ വിലയിരുത്തം. അടുത്തയാഴ്ചയേ ഇനി ചർച്ച തുടരൂ