പട്ടികവിഭാഗ സംരക്ഷണ നിയമം നിലനിര്‍ത്താനുള്ള ബിൽ കഴിഞ്ഞ ദിവസം ലോക്സഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്‍പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ, സർക്കാർ തള്ളി

ദില്ലി: പട്ടികജാതി, പട്ടികവർഗ്ഗ നിയമഭേദഗതി ബിൽ രാജ്യസഭ ഇന്ന് പരിഗണിക്കും. ഇന്നലെ ബിൽ പാസാക്കാനായിരുന്നു നീക്കമെങ്കിലും എം. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ രാവിലെ പിരിഞ്ഞിരുനു. ഇതോടെ ദളിത് സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരന്ന ബന്ദ് പിൻവലിച്ചു. ബില്ല് കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു. ഇന്ന് രാജ്യസഭ ബില്ല് പരിഗണിക്കാൻ തീരുമാനിച്ചതോടെയാണ് ബന്ദിൽ നിന്നും സംഘടനാനേതാക്കൾ പിൻവാങ്ങിയത്.

പട്ടികവിഭാഗ സംരക്ഷണ നിയമം നിലനിര്‍ത്താനുള്ള ബിൽ കഴിഞ്ഞ ദിവസം ലോക്സഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്‍പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം പക്ഷേ, സർക്കാർ തള്ളി. ഒറ്റക്കെട്ടായി ബില്‍ പാസാക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ സഭ സ്വീകരിക്കുകയായിരുന്നു. പട്ടികവിഭാഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ പ്രാഥമിക അന്വേഷണം വേണം, സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്യാൻ നിയമന അതോറിറ്റിയുടെ അനുമതി വേണം തുടങ്ങിയ കോടതി നിർദ്ദേശങ്ങൾ തള്ളുന്നതാണ് ഇന്ന് പാസാക്കിയ നിയമ ഭേദഗതി.

 എന്നാല്‍ ബിൽ ഒന്‍പതാം പട്ടികയിൽ പെടുത്തണമെന്ന് കോൺഗ്രസും സിപിഎമ്മും ഉൾപ്പടെ പത്തിലധികം പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഒന്‍പതാം പട്ടികയിൽ പെടുത്തിയാലും കോടതിക്ക് ഇടപെടാനാകും എന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. സംവരണത്തിനെതിരാണെന്ന പ്രചരണം ചെറുക്കാനും സർക്കാർ ചർച്ചയിൽ ശ്രമിച്ചു.