കൊല്ലം: തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്കൂൾ മാനേജ്മെൻറ്. ഗൗരി നേഘയുടെ മരണത്തിൽ ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് തെറ്റെന്ന് ട്രിനിറ്റി സ്കൂൾ സമ്മതിച്ചു. സ്വയം വിരമിക്കുമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. ഡിഡിഇയ്ക്ക് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സ്കൂൾ മാന്ജ്മെൻറ് ഡിഡിഇയ്ക്ക് കത്ത് നൽകി. 

പ്രിൻസിപ്പളിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിനോട് ഡിഡിഇ ശ്രീകല നോട്ടീസ് അയച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തില്‍ ഗുരുതര പരാമർശങ്ങളാണ് സ്കൂളിനെതിരെ ഡിഡിഇ ശ്രീകല നടത്തിയിരിരുന്നത്. അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കൂടാതെ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. 

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണിത്. അപക്വമായ ഈ നടപടിക്ക് നേതൃത്വം നൽകിയ പ്രൻസിപ്പാളിനെ പുറത്താക്കണമെന്നും കൂടെ ഉണ്ടായിരുന്ന അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇ ആവശ്യപ്പെട്ടിരുന്നു. സംഭവങ്ങൾ ആവർത്തിച്ചാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.