കുട്ടികളെ കുത്തി നിറച്ച്  അപകടയാത്ര, പാഠം പഠിക്കാതെ മോട്ടോർവാഹന വകുപ്പ്

കോഴിക്കോട്: മരട് ദുരന്തത്തിലും പാഠം പഠിക്കാതെ മോട്ടോർ വാഹനവകുപ്പ്. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്കിടയിലും മതിയായ സുരക്ഷയില്ലാതെ വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര തുടരുന്നു. വാഹനങ്ങളിൽ പരിധിക്കപ്പുറം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന പതിവ് കാഴ്ചക്ക് മാറ്റമില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

സ്കൂൾ ബസുകളിൽ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൊടുത്തു എന്ന് അവകാശപെടുന്ന മോട്ടോർവാഹന വകുപ്പ് ഓട്ടോ ടാക്സികളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സ്ഥിതി കാണണം.

കോഴിക്കോട് നഗരത്തിന് സമീപമുള്ള ഒരു വിദ്യാലയത്തിന്റെ മുന്പിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ എട്ട് പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന മിനി വാനിൽ കുട്ടികളെ കുത്തി നിറച്ചിരിക്കുന്നു. ഇതിനു പുറമെ തിങ്ങി ഇരിക്കുന്നതിനിടയിലേക്ക് രണ്ട് കുട്ടികളെ കൂടി കയറ്റാൻ ശ്രമിക്കുന്നു, മൂന്നോ നാലോ പേർക്ക് യാത്ര ചെയ്യാവുന്ന ഓട്ടോറിക്ഷകളിൽ 10 പേർ വരെ യാത്ര ചെയ്യാറുണ്ടെന്ന് കുട്ടികൾ പറയുന്നു.

ഓട്ടോറിക്ഷകളിൽ പ്രത്യേക സീറ്റ് സ്ഥാപിച്ചാണ് ഇത്തരത്തിൽ കുട്ടികളെ കുത്തി നിറയ്ക്കുന്നത്.കോഴിക്കോട് തന്നെയുള്ള മറ്റൊരു സ്കൂൾ. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. മോട്ടോർവാഹന വകുപ്പിന്റെ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ടെന്നാണ് ആർടിഒയുടെ പ്രതികരണം. എന്നാൽ പരിശോധന ഫലപ്രദമാവുന്നില്ലെന്നാണ് വാസ്തവം.