ബംഗളൂരു: മന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചില്ല എന്നാരോപിച്ച് സ്ഥലംമാറ്റത്തിന് വിധേയയായ വനിതാ പൊലീസ് ഓഫീസര്‍ രാജിവെച്ചു. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അനുപമ ഷേണായിയായാണ് ഫേസ്ബുക്കിലൂടെ രാജിവാര്‍ത്ത അറിയിച്ചത്. 

'ഞാന്‍ രാജിവച്ചുകഴിഞ്ഞു. പരമേശ്വര്‍ നായിക് നിങ്ങള്‍ എപ്പോഴാണ് രാജിവയ്ക്കുന്നത്'- ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അനുപമ ചോദിക്കുന്നു. കുദ്‌ലിഗിയിലെ മദ്യലോബിക്ക് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായം ചെയ്യുകയാണെന്ന് നേരത്തെ അനുപമ ആരോപിച്ചിരുന്നു. 

കുദ്‌ലിഗി ഡിഎസ്പിയായി അനുപമ ഷേണായിയെ നിയമിച്ചപ്പോള്‍ മുതല്‍ മദ്യലോബിയില്‍നിന്നു വന്‍ എതിര്‍പ്പുകളാണ് ഇവര്‍ക്കു നേരിടേണ്ടിവന്നത്. അടുത്തിടെ മൂന്നു മദ്യഷോപ്പ് ജീവനക്കാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മദ്യവ്യാപാരികള്‍ അനുപമയ്‌ക്കെതിരേ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കൂടാതെ, ജില്ലയുടെ ചുമതലയുള്ള മന്ത്രി പരമേശ്വര്‍ നായിക്കിന്‍റെ ഫോണ്‍ വിളി എടുത്തില്ലെന്ന കാരണത്താല്‍ അനുപമയ്ക്കു രണ്ടുതവണ സ്ഥലംമാറ്റവും ലഭിച്ചു. ഇതിനു പിന്നാലെയാണ് ഇവര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അനുപമ രാജിക്കത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഡിഎസ്പിയുടെ രാജിയെക്കുറിച്ച് ഒന്നുമറിഞ്ഞിട്ടില്ലെന്നാണ് സിദ്ധരാമയ്യയുടെയും പരമേശ്വര്‍ നായിക്കിന്റെയും നിലപാട്. അതേ സമയം മന്ത്രി ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് ഐപിഎസ് ഓഫീസര്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

കുട്‌ലിഗി ജില്ലയിലെ മദ്യമാഫിയക്കെതിരായ നീക്കങ്ങളാണ് അനുപമ ഷേണായിക്കെതിരായ നടപടിക്ക് കാരണമായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യഷോപ്പ് അനധികൃത നീക്കത്തിലൂടെ വിപുലീകരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മദ്യഷോപ്പ് ഉടമകള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. 

അറസ്റ്റ് നീക്കം നടക്കുമ്പോളാണ് മന്ത്രി അനുപമയെ വിളിച്ചത്. താന്‍ ഡ്യൂട്ടിയിലായതിനാലാണ് ഫോണ്‍ എടുക്കാത്തതെന്ന് അറിയിച്ചെങ്കിലും അനുപമയെ സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങുകയും സ്ഥലം മാറ്റ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുകയുമായിരുന്നു.