കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗിക ചൂഷണത്തിലൂടെ ഗര്‍ഭിണിയായ 17 വയസുകാരി മരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതര്‍ക്ക് മുന്നില്‍.  പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ദയാവധത്തിനുള്ള അനുമതി തേടി ജില്ലാ അധികൃതരെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ അതേഗ്രാമത്തില്‍ തന്നെ താമസിച്ചിരുന്ന പുരുഷനാണ് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തത്. ഇയാള്‍ പിന്നീട് ഒളിവില്‍ പോവുകയും ചെയ്തു. ജില്ലാ മജിസ്ട്രേട്ടിന്റെ പരാതി പരിഹാര സെല്ലിലാണ് പെണ്‍കുട്ടിയുടെ ഇത്തരമൊരു അപേക്ഷ കിട്ടിയതെന്ന് സുതാഹത പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജലേശ്വര്‍ തിവാരി അധികൃതര്‍ അറിയിച്ചു.

അവിവാഹിതയായ അമ്മയായി ജീവിക്കുക ദുഷ്‌കരമാണെന്നാണ് പെണ്‍കുട്ടിയുടെ ചിന്തയെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് ആദ്യം പുരുഷന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് വിസമ്മതം പ്രകടിപ്പിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവാവിന്റെ അച്ചനെ അറസ്റ്റ് ചെയ്തു.