തൊടുപുഴ: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ പൊലീസുകാരനെ അക്രമിച്ച സംഭവം പ്രതികളെ പിടികൂടുന്നില്ല. പോലീസ് നീതി നിഷേധിക്കുന്നതായി ആരോപിച്ച് നരസഭാദ്ധ്യക്ഷയും രംഗത്തെത്തി. മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കിയതിന് ഡിവൈഎസ്പി തട്ടിക്കയറിയതായും ആരോപണമുയര്‍ന്നു.

ഈ മാസം 20നാണ് നഗരസഭാ ഓഫീസിനു മുന്നില്‍ എസ്.എഫ്.ഐക്കാര്‍ പോലീസിനെ കൈയേറ്റം ചെയ്തത്. ആദ്യം ഇത് നിഷേധിച്ച പോലീസിന് മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കേസെടുക്കേണ്ടി വന്നു. എന്നാല്‍ പത്തു ദിവസമായിട്ടും പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയടക്കമുളള പ്രതികളിലാരെയും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. 

തൊടുപുഴയില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ അഴിഞ്ഞാട്ടം; പൊലീസുകാര്‍ക്ക് ക്രൂര മര്‍ദ്ദനം

ഇതിനിടെയാണ് നഗരസഭാ കൗണ്‍സിലിലും ഓഫീസിലുമുള്‍പെടെയുളള സിപിഎം അക്രമങ്ങള്‍ക്കെതിരേയും പോലീസ് നീതി നിഷേധിക്കുന്നതായാണ് നഗരസഭദ്ധ്യക്ഷയുടെ പരാതി. കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം കൗണ്‍സിലറുടെ അധിക്ഷേപത്തില്‍ വനിതാ അംഗം കുഴഞ്ഞുവീണിരുന്നു. 

ഇന്നലെ സി.പി.എം ഏരിയ സെക്രട്ടറിയുടെയും എന്‍.ജി.ഒ യൂണിയന്‍ നേതാക്കളുമടങ്ങുന്ന സംഘം നഗരസഭാ ഓഫീസിനുള്ളില്‍ കയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു. എല്ലാ സംഭവങ്ങളിലും കേസെടുക്കുന്ന പോലീസ് നടപടിയെടുക്കാത്തതിനെതിരെയാണ് നഗരസഭാദ്ധ്യക്ഷയടക്കം പരാതിപ്പെടുന്നത്. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ ഒളിവില്‍ പോയതാണ് പിടികൂടല്‍ വൈകാന്‍ കാരണമെന്നുമാണ് പോലീസ് പറയുന്നത്.