ജിഷയുടെ കൊലപാതകത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ആറ് വിരല്‍പ്പാടുകളാണ് കണ്ടെടുത്തത്. ഇതില്‍ രണ്ടെണ്ണമേ തുടര്‍ അന്വേഷണത്തിന് പ്രയോജനപ്പെടുവിധം വ്യക്തമായിരുന്നുളളു. ഈ രണ്ട് വിരല്‍പ്പാടുകള്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതിയുടേതല്ലെന്ന് തുടര്‍ പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച ജിഷയുടെയോ അമ്മ രാജേശ്വരിയുടെയോ സഹോദരി ദീപയുടെയോ വിരല്‍പ്പാടുകളുമല്ലിത്. പിന്നെ ആരുടേതാണ് എന്നതാണ് പൊലീസിന് മുന്നില്‍ ചോദ്യമാകുന്നത്. ഈ വിരല്‍പ്പാടുകള്‍ കണ്ടെത്തിയ ഗ്ലാസ് ജാറിനും ചില പ്രത്യേകതകളുണ്ട്. ജിഷ ഈ ജാറിനുളളിലാണ് ഒരു മല്‍സ്യത്തെ വളര്‍ത്തിയിരുന്നത്. മുറിക്കകത്ത് സിമന്റ് ഇഷ്ടിക അടുക്കിവെച്ച് അതിനുമുകളില്‍ പലകയിട്ട്, പലകയ്ക്ക് മുകളിലായിട്ടായിരുന്നു ഗ്ലാസ് ജാര്‍ വെച്ചിരുന്നത്. പൊലീസെത്തുമ്പോള്‍ മുറിയിലെ ഇഷ്ടികകള്‍ ഗ്ലാസ് ജാര്‍ മറിഞ്ഞുവീണിരുന്നു. ഘാതകനുമായുളള മല്‍പിടുത്തത്തിനിടെയാണിതെന്നാണ് അന്ന് കരുതിയത്. ഈ ജാറില്‍ നിന്നാണ് വിരല്‍പ്പാടുകള്‍ കിട്ടിയത്. വിരല്‍പ്പടിനോട് ചേര്‍ന്ന് സിമന്റ് പൊടിയുടെ അംശവുമുണ്ടായിരുന്നു. പ്രതിയുടേതല്ലെങ്കില്‍ പിന്നെ ആരുടേതാണിതെന്ന് അന്വേഷണസംഘത്തിന് പറയേണ്ടതായിവരും. കൊലപാതകത്തിന് മുമ്പോ ശേഷമോ മറ്റാരെങ്കിലും അവിടെവന്ന് പോയതായി പൊലീസ് കണ്ടെത്തിയിട്ടുമില്ല. തിരിച്ചറിഞ്ഞ വിരലടയാളങ്ങള്‍ അയല്‍വാസികളുടേതുമല്ല. വിശ്വസനീയമായ ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ വിചാരണവേളയില്‍ പ്രതിഭാഗം ഇത് ആയുധമാക്കും.