സ്മാര്‍ട്ടാകാന്‍ കൊച്ചി; 660 കോടിയുടെ പദ്ധതികള്‍ ആഗസ്തില്‍ തുടങ്ങും
കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള 660 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ തുടങ്ങും. ജൂലൈയിൽ ടെണ്ടർ പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനാണ് സ്മാർട്ടി സിറ്റി മിഷന്റെ തീരുമാനം. ലോകത്തിലെ പ്രമുഖ നഗരങ്ങളുടെ മാതൃകയിൽ കൊച്ചിയുടെ മുഖം മാറ്റുകയാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 2076 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
660 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടം തുടങ്ങുന്നത്. ഇതിൽ 200 കോടി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തും. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ബ്രോഡ് വേ, മാർക്കറ്റ് എന്നിവിടങ്ങളിലെ റോഡുകൾ, കനാലുകൾ, സ്കൂളുകൾ, ഗതാഗത സംവിധാനം എന്നിവയെല്ലാം നവീകരിക്കും. എട്ടു വാർഡുകളിലായി 1700 ഏക്കർ സ്ഥലത്താണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്.
റോഡരുകിൽ ഇരിപ്പിടങ്ങളും വാക്ക് വേയും നിർമ്മിക്കും. ജനറൽ ആശുപത്രി ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ സൗകര്യങ്ങളും വർദ്ധിപ്പിക്കും. മാലിന്യമൊഴുകുന്ന രണ്ടു കനാലുകൾ നവീകരിക്കും. സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് ഉൾപ്പെടെയുള്ള സൗകര്യവുമൊരുക്കാനും പദ്ധതിയുണ്ട്.
