ആരാധകരുടെ കാര്യത്തില്‍ അതിര്‍ത്തിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികള്‍ക്ക് പുറമെ കോലിയുടെ ആരാധകരായ ഹൈ പ്രൊഫൈലുകള്‍ നിരവധിയാണ്. ഇങ്ങനെയുള്ളവര്‍ കോലിയെ പ്രശംസകള്‍ കൊണ്ട് മൂടുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയാണ്.

ഇത്തവണ കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത് രണ്ട് പാക് ബൗളര്‍മാരാണ്. വളരെ മാന്യനായ വ്യക്തിാണ് കോലിയെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നതായും ഒരേ ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും മുഹമ്മദ് ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിക്കുന്നു. 

അതേസമയം ഇതുവരെ കോലിക്കെതിരെ ബൗള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും മികച്ച ബാറ്റ്‌സ്മാനായ അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യാന്‍ സാധിച്ചാല്‍  അത് നല്ലൊരു മത്സരമായിരിക്കുമെന്നും പാക് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തറും പറയുന്നു.

മൂന്ന് ക്രിക്കറ്റ് ഫോര്‍മാറ്റുകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കോലി യാത്ര തുടരുന്നത്. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പര നേട്ടങ്ങള്‍ക്ക് പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ ടി.ട്വന്റി, ഏകദിന മത്സരവും കോലിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു.