തിരുവനന്തപുരം: ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഗവര്‍ണറെ കണ്ടു. ശ്രീജിവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്ന് ഗവർണർ ഉറപ്പുനൽകിയതായി അമ്മ രമണി. കേസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം കേന്ദ്രത്തിന് കൈമാറുമെന്ന് ഉറപ്പുകിട്ടിയതായും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജിവിന്റെ അമ്മ അറിയിച്ചു. സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.
സഹോദരന്‍ ശ്രീജിവന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷിക്കമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 768 ദിവസമായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ അവസ്ഥ ആറ് ദിവസം മുന്‍പ് ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം ഏറ്റെടുത്ത് ഇന്നലെ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിനെ കാണാനും ഐക്യദാര്‍ഢ്യം അറിയിക്കാനുമെത്തിയിരുന്നു.
