ഹൃദയശസ്ത്രക്രിയക്കുപയോഗിക്കുന്ന സ്റ്റെന്‍റുകള്‍ക്ക് വില കൂടി. രണ്ട് ശതമാനമാണ് വില കൂട്ടിയത്. മൊത്തവില സൂചിക പ്രകാരമാണ് വില കൂട്ടിയതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.
വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ 23500രൂപ മുതല്‍ ഈടാക്കിയിരുന്ന ബെയര്‍ മെറ്റല്‍ സ്റ്റെന്‍റുകളുടെ വില 7200രൂപയായി കുറഞ്ഞു. 55000 രൂപ മുതല്‍ 1.9ലക്ഷം രൂപവരെ ഉണ്ടായിരുന്ന ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്‍റുകള്‍ക്കും ബയോ ഡീഗ്രേഡബിള്‍ സ്റ്റെന്‍റുകള്‍ക്കും 29600 രൂപയുമായി. ഈ വിലയിലാണ് ഇപ്പോള്‍ വര്‍ധന ഉണ്ടായിട്ടുള്ളത്. ബെയര്‍ മെറ്റല്‍ സ്റ്റെന്‍റുകളുടെ വില 7400ലേക്കെത്തും. ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്‍റുകളുടെ വില 30180 ആകും . മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ വില പുനര്‍നിശ്ചയിക്കുന്ന രീതി അനുസരിച്ചാണ് വില കൂടിയതെന്നാണ് വിശദീകരണം. അതേസമയം സ്റ്റെന്‍റുകള്‍ വില നിയന്ത്രണ പട്ടിയകയില്‍ ഉള്‍പ്പെട്ടതോടെ നഷ്ടത്തിലായ കമ്പനികള്‍ക്ക് പുതിയ തീരുമാനം ആശ്വാസം പകരുന്നതാണെന്ന വാദവുമുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, എയ്ഡ്സ്, ക്യാന്‍സര്‍, ക്ഷയരോഗ മരുന്നുകള്‍ എന്നിവയുടെ വിലയും പുതുക്കി നിശ്ചയിക്കപ്പെട്ടതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയുടെ വില ഗണ്യമായി കുറയുമെന്നതിനാല്‍ രോഗികള്‍ക്ക് അത് ആശ്വാസമാകും.
