കൂടിനകത്ത് കണ്ടെത്തിയത് എട്ടു നായ്ക്കളെ
തൃശൂര്‍: കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കള്‍ ഫാമിന്‍റെ ഗ്രില്ല് തകര്‍ത്ത് നാടന്‍ കോഴികളെ കടിച്ച് കൊന്നു. ചാഴൂര്‍ മച്ചുംപുറത്ത് ബാബുവിന്റെ ഫാമിലെ 500ഓളം കോഴികളാണ് നായ്ക്കളുടെ കടിയേറ്റ് ചത്തൊടുങ്ങിയത്. ഏകദേശം 50,000 രൂപയുടെ നഷ്ടമാണുണ്ടായത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ഫാം സ്ഥിതി ചെയ്യുന്നത് ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്തായതിനാല്‍ സംഭവം ആരും അറിഞ്ഞില്ല.
രാവിലെ ഫാമില്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് കോഴികള്‍ കൂട്ടത്തോടെ ചത്ത് കിടക്കുന്നത് കണ്ടത്. കടിയേറ്റ ഭാഗങ്ങളില്‍ നിന്ന് രക്തം വാര്‍ന്നും ചിറകുകള്‍ അടര്‍ന്നും കിടക്കുന്ന നിലയിലായിരുന്നു. ഈ സമയത്ത് കൂടിനകത്ത് എട്ട് നായ്ക്കള്‍ കിടന്നിരുന്നു. ചാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴി വളര്‍ത്തല്‍ പദ്ധതി നടത്തിവരികയായിരുന്നു ബാബു. പഞ്ചായത്തുമായി പ്രത്യേകം കരാറുണ്ടാക്കിയായിരുന്നു കോഴികൃഷി.
ചത്തൊടുങ്ങിയതെല്ലാം 45 ദിവസം പ്രായമായ കോഴികളാണ്. രണ്ട് തട്ടുകളായാണ് ഫാം നിര്‍മ്മിച്ചിരിക്കുന്നത്. കോഴികളെ പാര്‍പ്പിച്ചിരുന്നതിന്റെ മുകളിലെ തട്ടില്‍ ആടുകളെയും വളര്‍ത്തിയിരുന്നു. മുകളിലായതിനാല്‍ ആടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടില്ല. പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
