കണ്ണൂര്‍: കണ്ണൂര്‍ ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. സ്‌കൂള്‍ കലോത്സവത്തിനിടെ ഡാന്‍ഡ് കളിച്ചതിന് കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് അധ്യാപകന്‍ മര്‍ദ്ദിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ – കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിലെ കലോത്സവപരിപാടിക്കിടെ ഡാന്‍ഡ് കളിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകനായ രാജേഷ് ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി. മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് ചൂരല്‍വടി കൊണ്ട് തല്ലി. പിന്നീട് അവിടെ നിന്ന് വലിച്ചിഴച്ച് മറ്റൊരു ക്ലാസ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു.

സംഭവ ദിവസം തന്നെ പ്രധാന അധ്യാപകന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ ചൈള്‍ഡ് ലൈനും പൊലീസും കുട്ടിയുടെ മൊഴിയെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകനോട് അടുത്തദിവസം ഹാജരാകാന്‍ ശ്രീകണ്ഠാപുരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.