ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പ്രണയദിനാശംസകള്‍ നേര്‍ന്ന് വിദ്യാര്‍ത്ഥിനി. ആംആദ്മി അധികാരത്തിലേറിയതിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ നടത്തിയ ഫീഡ്ബാക്ക് സെഷനിലാണ് വിദ്യാര്‍ത്ഥിനി ഫോണിലൂടെ പ്രണയദിനാശംസകള്‍ നേര്‍ന്നത്.

ഫീഡ്ബാക്ക് സെഷന്‍റെ ഭാഗമായി ഫോണിലൂടെയോ മെയിലിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ ജനങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടായിരുന്നു. ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് ഫോണിലൂടെ ആശംസ നേര്‍ന്നത്.

സ്നേഹം ലോകത്തെ ഭരിക്കുമന്നാണ് വിദ്യാര്‍ത്ഥിനിയുടെ ഫോണിലൂടെയുള്ള ആശംസക്ക് അരവിന്ദ് കേജരിവാള്‍ മറുപടിയായി പറഞ്ഞത്. ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ആര്‍ക്കും ശബ്ദിക്കാതിരിക്കാനാവില്ലെന്നും കേജരിവാള്‍ പറഞ്ഞു.

ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പറയുന്ന വീഡിയോ ഇന്ന് രാവിലെ റിലീസ് ചെയ്തിരുന്നു. സര്‍ക്കാരിന്‍റെ സന്ദേശം അറിയിക്കാനായി ഞായറാഴ്ച എല്ലാ മണ്ഡലങ്ങളിലും വികാസ് യാത്രക്ക് ഒരുങ്ങുകയാണ് ആംആദ്മി.