പാലക്കാട്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. സുനിതാ കൃഷ്ണന്‍. ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഇത്തരം കേസുകളില്‍ പെട്ട പ്രതികളുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും സുനിതാ കൃഷ്ണന്‍ പാലക്കാട് പറഞ്ഞു.

നിയമ സഹായ വേദിയായ വിശ്വാസ്, പാലക്കാട് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിലാണ് ഡോ.സുനിതാ കൃഷ്ണന്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ ആശങ്ക പങ്കുവെച്ചത്. അഭയ കേന്ദ്രങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വിത്യസ്ത പ്രായമുളളവരെ ഒരുമിച്ച് താമസിപ്പിക്കുന്നതിന് പകരം വെവ്വേറെ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ലൈംഗിക അതിക്രമ കേസുകളിലെ 
വാദിയെയും പ്രതിയെയും ഒരുമിച്ച് കൊണ്ടു പോവുന്നത് പോലീസ് ഒഴിവാക്കണം. 

ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഇത്തരം കേസുകളില്‍ പ്രതിയാകുന്നവരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും സുനിത കൃഷ്ണന്‍ പറഞ്ഞു. മനുഷ്യക്കച്ചവടം തടയുന്നതിനാവശ്യമായ നിയമനിര്‍മ്മാണം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സുനിത കൃഷ്ണന്‍ പറഞ്ഞു.