റഷ്യയും തുര്‍ക്കിയും മുന്‍കയ്യെടുത്ത് നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ കരാറിലാണ് സൈന്യവും വിമതരും ഒപ്പുവച്ചത്. ഈ ധാരണ പ്രകാരം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സിറിയയില്‍ രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരും. റഷ്യയുടേയും തുര്‍ക്കിയുടേയും മധ്യസ്ഥതയില്‍ കസാഖ് തലസ്ഥാനമായ അസ്താനയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വിമതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ചര്‍ച്ച വിജയകരമായിരുന്നു എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുച്ചിന്‍ അവകാശപ്പെട്ടു.
ഇരു വിഭാഗങ്ങളും വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് മോസ്‌കോയും അങ്കാറയും നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സിറിയയിലെ വെടിനിര്‍ത്തലിന് തുടക്കം മുതലേ നലപാടെടുത്തിരുന്ന അമേരിക്കയെ കാഴ്ചക്കാരാക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞു. ഒപ്പം ബാഷര്‍ അല്‍ അസദിനെ എതിര്‍ത്തിരുന്ന തുര്‍ക്കിയെ തങ്ങള്‍ക്കൊപ്പം കൂട്ടാനും റഷ്യക്കായി. അതേസമയം കരാറില്‍ നിന്നും ഐസിസിനേയും ജബാ അത് ഫത്തേ അല്‍ ഷാമിനേയും ഒഴിവാക്കിയതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന അറിയിച്ചു.
ഇത് കരാറിന്റെ വിജയ സാധുതയെ പറ്റി ആശങ്ക ഉയര്‍ത്തുന്നുണ്ട്. അലപ്പൊയിലെ ആക്രമണം നിര്‍ത്താനായി മുന്പ് യുഎന്‍ മുന്‍കയ്യെടുത്ത് അമേരിക്കയുടേയും റഷ്യയുടേയും മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നെങ്കിലും നീണ്ടുനിന്നിരുന്നില്ല. ഇതിനിടയില്‍ ഡമാസ്‌കസില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ സ്‌കൂള്‍ കുട്ടികളും ഉല്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
