കണ്ണൂര്‍: പയ്യന്നൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. പൂജാ സ്വർണം വാങ്ങാനെന്ന പേരിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി.
പയ്യന്നൂര്‍ ദേശീയ പാതയിലെ സുദര്‍ശിതം ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

പൂജാ സംബന്ധമായ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കളാണ് കവര്‍ച്ച നടത്തിയത്. ഈ സമയം ജ്വല്ലറിയുടമ സതീശന്‍ മാത്രമായിരുന്നു ജ്വല്ലറിയിലുണ്ടായിരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പരിശോധിച്ചതിനു ശേഷം വെള്ളി ആഭരണങ്ങളുമായി ഇവര്‍ മടങ്ങി. രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്.

 രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് ഇവരാണെന്ന് വ്യക്തമായത്. ഉടമയുടെ പരാതിയില്‍ അന്വേഷണം ശക്തമാക്കിയതായി പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.