കോഴിക്കോട്: എ.ബി.വി.പിയുടെ പോസ്റ്ററില്‍ ടി.പി ചന്ദ്രശേഖരന്‍റെ ചിത്രം ഉപയോഗിച്ചതിനെതിരെ ആര്‍.എം.പി.ഐ. എ.ബി.വി.പിക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാവുന്ന ചിത്രമല്ല ടി.പി ചന്ദ്രശേഖരന്റേതെന്ന് ആര്‍.എം.പി.ഐ സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഭിമാനമാണ് കേരളം ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്‌സിസം എന്ന മുദ്രാവാക്യമുയര്‍ത്തി എ.ബി.വി.പി നടത്തുന്ന റാലിയുടെ പോസ്റ്ററിലാണ് ചന്ദ്രശേഖരന്‍റെ ചിത്രം ഉള്‍പ്പെടുത്തിയത്. 

ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍, പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിനായകന്‍, നെഹ്‌റു കോളജില്‍ ജീവനൊടുക്കിയ ജിഷ്ണുവിന്റെ അമ്മ മഹിജ എന്നിവരുടെ ചിത്രങ്ങളും എ.ബി.വി.പി പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ആര്‍.എസ്.എസ് മാതൃകയില്‍ ഫാസിസ്റ്റ് രീതികള്‍ അവലംബിക്കുന്ന സി.പി.എം സംഘമാണ് ടി.പിയെ കൊന്നത് എന്നത് വസ്തുതയാണ്. 

പക്ഷേ എ.ബി.വി.പിക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാവുന്ന ഒരു ചിത്രമല്ല ടി.പി ചന്ദ്രശേഖരന്‍റെതെന്ന് ആര്‍.എം.പി.ഐ പ്രസ്താവന വ്യക്തമാക്കി. സി.പി.എമ്മിന്‍റെ കൊള്ളരുതായ്മകള്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കും ഇടതുപക്ഷത്തിനുമെതിരായി പ്രയോഗിക്കാനുള്ള മാര്‍ക്‌സ്റ്റ് വിരുദ്ധരുടെ ആയുധമായി തീരുന്നുണ്ട്. 
സി.പി.എമ്മും മാര്‍ക്‌സിസ്റ്റുകളും ഒന്നല്ല. എ.ബി.വി.പിയുടെ പേരില്‍ മാര്‍ക്‌സിസത്തിനെതിരെ തയ്യാറാക്കി പ്രചരിപ്പിക്കുന്ന പോസ്റ്ററില്‍ നിന്ന് ടി.പിയുടെ ചിത്രം നീക്കം ചെയ്യണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.