അറസ്റ്റിലായത് മൃഗവേട്ട സംഘത്തിൽപ്പെട്ടവരാണെന്നാണ് സൂചന. പ്രതികളെ റിമാൻറ് ചെയ്തു
വയനാട്: പേരിയയിൽ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം നാലു പേർ കൂടീ അറസ്റ്റിൽ. അറസ്റ്റിലായത് മൃഗവേട്ട സംഘത്തിൽപ്പെട്ടവരാണെന്നാണ് സൂചന. പ്രതികളെ റിമാൻറ് ചെയ്തു. കാപ്പാട്ടുമല തലക്കാംകുനി സ്വദേശി കേളു ആണ് വെടിയേറ്റ് മരിച്ചത്.പേര്യ വള്ളിത്തോട് ദുർഗാഭഗവതി ക്ഷേത്രത്തിന് സമീപം വനത്തോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കഴിഞ്ഞ വെളളിയാഴ്ച രാവിലെയാണ് കേളുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബന്ധുവായ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നായാട്ടു സംഘത്തിലെ മറ്റ് മൂവരെയും കൂടീ ഇന്ന് അറസ്റ്റ് ചെയ്തത്. എടത്തന സ്വദേശികളായ ജയൻ, വിജയൻ , ബാലൻ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയിൽ നടന്ന മൃഗവേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പ്രതികളുടെ മൊഴി.വെടിവെച്ചത് സുമേഷാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വെടിവെയ്ക്കാനുപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.
