ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. പ്രശസ്തനായതുകൊണ്ട് ഏത് സ്ത്രീയും ചുംബിക്കാനും ആലിംഗനം ചെയ്യാനും തന്നെ അനുവദിക്കാറുണ്ടെന്ന ട്രംപിന്റെ പരാമർശം റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ വൻ വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഖേദപ്രകടനം.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് തന്റെ ലൈംഗികതാത്പര്യങ്ങൾ ടെലിവിഷൻ അവതാരകയോട് പങ്കുവയ്ക്കുന്നസംഭാഷണമാണ് ദ് വാഷിങ്ടൺ പോസ്റ്റിലൂടെ പുറത്തുവന്നത് .വിവാഹിതയായ ഒരു സ്ത്രീയോട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചതടക്കം ട്രംപ് തുറന്നുപറയുന്നത് വീഡിയോയിൽ വ്യക്തമാണ്. സുന്ദരികളായ സ്ത്രീകളോട് പെട്ടെന്ന് ആകർഷണം തോന്നും. അപ്പോൾത്തന്നെ ചുംബിക്കും. ഒരു കാന്തം പോലെയാണത്. പ്രശസ്തനാകുമ്പോൾ അവർ അതിന് സമ്മതിക്കും. അവരെ എന്തും ചെയ്യാനാകും- ഇതായിരുന്നു ട്രംപിന്‍റെ വാക്കുകള്‍.

2005ൽ റെക്കോർഡ് ചെയ്ത ഈ സംഭാഷണം എൻബിസി ന്യൂസ് സംപ്രേഷണംചെയ്യതോടെ ട്രംപ് വെട്ടിലായി. ശബ്ദരേഖയിലെ പരാമർശങ്ങളെ, ഭയപ്പെടുത്തുന്നത് എന്ന് വിശേഷിപ്പിച്ച ഹിലരി ഇത്തരമൊരാളെ രാജ്യത്തിന്‍റെ പ്രസിഡന്‍റാകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റും ചെയ്തു.റിപ്പബ്ലിക്കൻ ക്യാംപിൽ നിന്ന് വലിയ തോതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പിഴവുപറ്റിയെന്നും ഇക്കാര്യം ചർച്ചയാക്കരുതെന്നും ആവശ്യപ്പെട്ട് ട്രംപിന്റെ ഖേദപ്രകടനം.

ഞാൻ എല്ലാം തികഞ്ഞ ആളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതും ചെയ്തുപോയതും ആയ കാര്യങ്ങളിൽ ഖേദമുണ്ടെന്നു ഈ വീഡിയോ പത്തുവർഷം മുൻപത്തെതാണെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.

ബിൽ ക്ലിന്റണിന്റെ അത്രമോശക്കാരനല്ല താനെന്ന് വിശദീകരിക്കാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ ട്രംപ് ശ്രമിക്കുന്നുണ്ട്. പക്ഷേ, പ്രസിഡന്‍റ് സ്ഥാനാർത്ഥികളുടെ രണ്ടാം സംവാദത്തിന് ഒരുദിവസം മാത്രം ശേഷിക്കേ പുറത്തുവന്ന വീഡിയോ ട്രംപിന് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.